Kerala
പരവൂർ: സ്വകാര്യ കൊറിയർ, ലോജിസ്റ്റിക്സ് കമ്പനികളെ വെല്ലുന്ന വേഗതയിൽ രേഖകൾ കൈമാറാൻ തപാൽ വകുപ്പ് സജ്ജമായി. രേഖകളും പാഴ്സലുകളും അതിവേഗം ലക്ഷ്യസ്ഥാനത്തെത്തിക്കാൻ പ്രീമിയം ‘24 സ്പീഡ് പോസ്റ്റ് ’, ‘48 സ്പീഡ് പോസ്റ്റ് ’ സേവനങ്ങൾക്ക് ഇന്ത്യ പോസ്റ്റ് തുടക്കമിടുന്നു. പുതിയ സേവനങ്ങൾ ഇന്നു പ്രാബല്യത്തിൽവരും.
ആദ്യഘട്ടത്തിൽ ഡൽഹി, മുംബൈ, ചെന്നൈ, കോൽക്കത്ത, ബംഗളൂരു, ഹൈദരാബാദ് എന്നീ മെട്രോ നഗരങ്ങൾക്കിടയിലാണ് ഈ സേവനം ലഭ്യമാകുക. സമീപഭാവിയിൽ തന്നെ മറ്റ് നഗരങ്ങളിലേക്കും വ്യാപിപ്പിക്കും. ‘24 സ്പീഡ് പോസ്റ്റ് ’ വഴി ബുക്കിംഗ് നടത്തുമ്പോൾ തൊട്ടടുത്ത ദിവസംതന്നെ ഡെലിവറി ഉറപ്പാക്കും.
‘48 സ്പീഡ് പോസ്റ്റ് ’ വഴിയുള്ള ബുക്കിംഗ് രണ്ട് പ്രവൃത്തി ദിവസങ്ങൾക്കുള്ളിൽ കൈമാറും. ഇതിനു പുറമെ അഞ്ച് കിലോഗ്രാം വരെയുള്ള പാഴ്സലുകൾക്കായി ‘24 സ്പീഡ് പോസ്റ്റ് പാഴ്സൽ’ സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്. പാഴ്സലുകൾ അതിവേഗം എത്തിക്കാൻ പ്രധാനമായും ആഭ്യന്തര വിമാന സർവീസുകളെയാകും ആശ്രയിക്കുക.
സുരക്ഷയുടെ ഭാഗമായി ‘24 സ്പീഡ് പോസ്റ്റ് പാഴ്സൽ’ സേവനത്തിന് ഒടിപി അധിഷ്ഠിത ഡെലിവറി സംവിധാനം അധിക നിരക്കുകളില്ലാതെ ലഭ്യമാക്കും. റീട്ടെയിൽ ഉപഭോക്താക്കൾക്കും കോർപറേറ്റ് സ്ഥാപനങ്ങൾക്കും ഒരുപോലെ പ്രയോജനപ്പെടുന്ന രീതിയിലാണ് താരിഫ് ഘടന നിശ്ചയിച്ചിരിക്കുന്നത്.
പിക്ക്-അപ്പ് സൗകര്യം, ഇൻഷ്വറൻസ്, ഡെലിവറി തെളിവ് തുടങ്ങിയ സ്പീഡ് പോസ്റ്റിലെ നിലവിലുള്ള എല്ലാ മൂല്യവർധിത സേവനങ്ങളും പുതിയ പ്രീമിയം വിഭാഗത്തിലും ലഭിക്കും. ഓരോ ബുക്കിംഗിനും നിശ്ചിത രജിസ്ട്രേഷൻ ഫീസിന് പുറമെ ജിഎസ്ടിയും ബാധകമായിരിക്കും.
സേവനം ലഭ്യമാകുന്ന പോസ്റ്റ് ഓഫീസുകളെ നിശ്ചയിക്കാൻ സർക്കിൾ മേധാവികൾക്ക് അധികാരം നൽകിയിട്ടുണ്ട്.
Kerala
പരവൂർ: വന്ദേഭാരത് സ്ലീപ്പര് ട്രെയിനുകളിലും അമൃത് ഭാരത് എക്സ്പ്രസ് ട്രെയിനുകളിലും എല്ലാ വിഭാഗം യാത്രക്കാർക്കും എമര്ജൻസി ക്വോട്ട (വിഐപി ക്വോട്ട) ഏര്പ്പെടുത്താൻ റെയിൽവേ മന്ത്രാലയം തീരുമാനിച്ചു.
കഴിഞ്ഞ ഒമ്പതിന് രാജ്യത്തെ എല്ലാ സോണൽ റെയിൽവേകൾക്കും അയച്ച കത്തിലാണ് വന്ദേ ഭാരത് സ്ലീപ്പർ, അമൃത് ഭാരത് ട്രെയിനുകളിൽ ഇനിമുതൽ അടിയന്തര ക്വോട്ട എല്ലാത്തരം യാത്രികർക്കും ഏർപ്പെടുത്തുമെന്ന് റെയിൽവേ ബോർഡ് അറിയിച്ചിരിക്കുന്നത്.
തുടക്കത്തിൽ സ്ത്രീകൾ, മുതിര്ന്ന പൗരൻമാര്, ഭിന്നശേഷിക്കാര്, ഡ്യൂട്ടി പാസുകാര് എന്നിവർക്കു മാത്രമായിരുന്നു പ്രത്യേക ക്വോട്ട അനുവദിച്ചിരുന്നത്. അടിയന്തര ക്വാട്ട പ്രകാരം ഏഴോ അതിലധികമോ സ്ലീപ്പർ കോച്ചുകളുമായി സർവീസ് നടത്തുന്ന അമൃത് ഭാരത് ട്രെയിനുകളിൽ എമര്ജൻസി ക്വോട്ടയിൽ 24 സീറ്റുകൾ ഉണ്ടായിരിക്കും.
വന്ദേഭാരത് സ്ലീപ്പറിലെ അടിയന്തര ക്വാട്ട ആഴ്ച ദിവസങ്ങളിലും വാരാന്ത്യങ്ങളിലും വ്യത്യാസപ്പെടും. വന്ദേഭാരത് സ്ലീപ്പർ ട്രെയിനുകളിൽ കോച്ച് വിഭാഗങ്ങളെ അടിസ്ഥാനമാക്കിയാണ് അടിയന്തര ക്വാട്ട ക്രമീകരിച്ചിരിക്കുന്നത്. ഈ ക്വോട്ടയിലുള്ള സീറ്റുകളുടെ എണ്ണം സാധാരണ ദിവസങ്ങളിലും വാരാന്ത്യങ്ങളിലും വ്യത്യാസപ്പെട്ടിരിക്കും.
ഫസ്റ്റ് എസിയിൽ സാധാരണ ദിവസങ്ങളിൽ നാല് സീറ്റുകൾ, വാരാന്ത്യങ്ങളിൽ ആറു സീറ്റുകൾ, സെക്കൻഡ് എസിയിൽ സാധാരണ ദിവസങ്ങളിൽ 20 സീറ്റുകൾ, വാരാന്ത്യങ്ങളിൽ 30 സീറ്റുകൾ, തേർഡ് എസിയിൽ സാധാരണ ദിവസങ്ങളിൽ 24 സീറ്റുകൾ, വാരാന്ത്യങ്ങളിൽ 42 സീറ്റുകൾ എന്നിങ്ങനെയാണ് അടിയന്തര ക്വോട്ട നിശ്ചയിച്ചിട്ടുള്ളത്. ഈ ക്വോട്ടകൾ മുൻകൂർ റിസർവേഷൻ കാലയളവിൽ അല്ലെങ്കിൽ ബുക്കിംഗ് അവസാനിക്കുന്നതിനുമുമ്പ്, ഏതാണ് ആദ്യം വരുന്നത് എന്ന രീതിയിൽ റിസർവ് ചെയ്യാം.
അടിയന്തര ക്വോട്ട പുനഃപരിശോധിക്കാൻ ഇനിമുതൽ സോണൽ റെയിൽവേകൾക്കും അനുവാദമുണ്ടാകും. മറ്റു മെയിൽ, എക്സ്പ്രസ് ട്രെയിനുകളിലെന്നപോലെ, ഡിമാൻഡ് പാറ്റേണുകളും സീറ്റ് ലഭ്യതയും അടിസ്ഥാനമാക്കി സോണൽ റെയിൽവേകൾക്ക് ഈ ട്രെയിനുകളിലെ നിശ്ചിത അടിയന്തര ക്വോട്ട ഇടയ്ക്കിടെ പുനഃപരിശോധിക്കാമെന്നും അതിനനുസരിച്ച് ആവശ്യമായ ക്രമീകരണങ്ങൾ വരുത്താമെന്നും റെയിൽവേ ബോർഡ് വ്യക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ മാസമാണു രാജ്യത്തെ ആദ്യത്തെ വന്ദേഭാരത് സ്ലീപ്പർ ട്രെയിൻ ഗോഹട്ടി - കോൽക്കത്ത റൂട്ടിൽ സർവീസ് ആരംഭിച്ചത്.
District News
മണ്ണുത്തി: ചികിത്സയുടെ ഭാഗമായി മുഖ്യമന്ത്രിയുടെ ചികിത്സാസഹായം ലഭ്യമാകാത്തവർക്ക് ബ്ലോക്ക് പഞ്ചായത്ത് നിർദേശിച്ചാൽ ഒരാഴ്ചയ്ക്കുള്ളിൽ സഹായംലഭ്യമാക്കാൻവേണ്ട നടപടികൾ സ്വീകരിക്കാൻകൂടെയുണ്ടാകുമെന്ന് ഉറപ്പുനൽകി മന്ത്രി കെ. രാജൻ.
ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് ബ്ലോക്ക് കുടുംബാരോഗ്യകേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ നടത്തിയ പാലിയേറ്റീവ് കെയർ സ്നേഹസംഗമം 2026 ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിൽ സമൃദ്ധിപദ്ധതിയുടെ ഭാഗമായി 80 വയസിനുമുകളിൽ പ്രായമുള്ളവരെ ഉൾപ്പെടുത്തി സൊസൈറ്റി രൂപീകരിച്ച് ആവശ്യമായ ചികിത്സാ സേവനങ്ങൾ സമയദൈർഘ്യമില്ലാതെ ലഭ്യമാക്കാൻ പുതിയ പദ്ധതി ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീവിദ്യ രാജേഷ് അധ്യക്ഷത വഹിച്ചു. സ്നേഹസംഗമത്തിൽ പാലിയേറ്റീവ് കുടുംബങ്ങൾക്കായി സ്നേഹോപഹാര വിതരണവും കലാവിരുന്നും നടന്നു. ചടങ്ങിൽ ജില്ലാ പഞ്ചായത്ത് മെംബർ ഇ.എ. ഓമന വിശിഷ്ടാതിഥിയായി.
ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മാത്യു നൈനാൻ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ മിനി ഉണ്ണികൃഷ്ണൻ, കെ.എ അബൂബക്കർ, നടത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി. ജോബി ജോസ്, മാടക്കത്തറ ഗ്രാമപഞ്ചായത്ത് മെംബർ ഗീതു രതീഷ് എന്നിവർ പങ്കെടുത്തു.
District News
ഫോർട്ടുകൊച്ചി: കൊച്ചിയുടെ പടിഞ്ഞാറൻ മേഖലയിൽ കുടിവെള്ളം കിട്ടാതെയായിട്ട് അഞ്ചു നാൾ. കുമ്പളങ്ങി, ചെല്ലാനം പഞ്ചായത്തിലും കോർപറേഷൻ ഡിവിഷനുകളിലുമാണ് ജലത്തിന്റെ ലഭ്യത കുറവുമൂലം ജനം ദുരിതത്തിലായിരിക്കുന്നത്.
മൂവാറ്റുപുഴയാറില് ജലനിരപ്പ് കുറഞ്ഞതിനാല് മരട് ജല ശുദ്ധീകരണ ശാലയില് നിന്ന് കൊച്ചിയിലേക്ക് ലഭിക്കേണ്ട വെള്ളത്തിന്റെ അളവില് കുറവു വന്നതാണ് ഏതാനും ദിവസങ്ങളായി തുടരുന്ന കുടിവെള്ള ക്ഷാമത്തിന് കാരണമായതെന്ന് ജല അഥോറിറ്റി ഉദ്യോഗസ്ഥര് വ്യക്തമാക്കി.
കരുവേലിപ്പടിയിലേക്ക് ലഭിക്കേണ്ടത് 27 എംഎല്ഡി വെള്ളമാണ്. ഇതില് കുറവുണ്ടായി. ചെല്ലാനത്തേക്കും കുമ്പളങ്ങിയിലേക്കും ലഭിക്കേണ്ടത് 13 എംഎല്ഡി വെള്ളമാണ്. ഇതില് എട്ടിൽ താഴെയാണ് ലഭിക്കുന്നത്.
ജനരോഷം രൂക്ഷമായതിനെ തുടർന്ന് കെ.ജെ. മാക്സി എംഎൽഎയുടെ നേതൃത്വത്തിൽ തോപ്പുംപടിയിൽ ജനപ്രതിനിധികളുടെയും ഉദ്ധ്യോഗസ്ഥരുടേയും യോഗം ചേർന്നു.
കുടിവെള്ളം മുടങ്ങുന്ന സാഹചര്യമുണ്ടായാല് അത് യഥാസമയം ജനപ്രതിനിധികളെ അറിയിക്കണമെന്നും ജനപ്രതിനിധികള് സൂചിപ്പിച്ച പരാതികള് സമയ ബന്ധിതമായി പരിഹരിച്ച് റിപ്പോര്ട്ട് സമര്പ്പിക്കാനും എംഎല്എ ഉദ്യോഗസ്ഥര്ക്ക് നിര്ദേശം നല്കി.
കുടിവെള്ളത്തിന്റെ പമ്പിംംഗ് പ്രഷർ കുറവുവരുന്ന ദിവസങ്ങളിൽ കൂടുതൽ സമയം പമ്പിംഗ് അനുവദിക്കണമെന്നും ഒന്ന്, രണ്ടു വാർഡുകളിൽ ബൂസ്റ്റർ സംവിധാനം നടത്തണമെന്നും കുമ്പളങ്ങി പഞ്ചായത്ത് പ്രസിഡന്റ് ഷാജി കുറുപ്പശ്ശേരി അറിയിച്ചു.ഇതിനിടെ 11 നും കുടിവെള്ളം മുടങ്ങുമെന്നും അറിയിപ്പുണ്ട്. ഇത് ജനജീവിതം കൂടുതൽ ദുസഹമാകു
District News
ചങ്ങനാശേരി: വാഴപ്പള്ളി പഞ്ചായത്ത് 22-ാം വാര്ഡ് പറാല് പാരിപ്പള്ളം പ്രദേശത്ത് ഒന്നരമാസമായി കുടിവെള്ളം ലഭിക്കുന്നില്ല. 15 കുടുംബങ്ങള് ശുദ്ധജലം ലഭിക്കാതെ ദുരിതത്തില്. പറാല് റോഡില് താറമ്പ്രാല് ജംഗ്ഷനു വടക്കുഭാഗത്തുള്ള പാരിപ്പള്ളം പ്രദേശത്താണ് പൈപ്പ് വെള്ളം മുടങ്ങിയിട്ട് ഒന്നരമാസം പിന്നിട്ടത്.
പലഭാഗങ്ങളിലും റോഡ് കുഴിച്ചെങ്കിലും പൈപ്പിന്റെ ചോര്ച്ച കണ്ടെത്താന് വാട്ടര് അഥോറിറ്റിക്കു കഴിഞ്ഞിട്ടില്ല. വാട്ടര് അഥോറിറ്റി ജോലിക്കാര് റോഡ് കുഴിച്ച് പൈപ്പ് പരിശോധിച്ചപ്പോള് പ്ലാസ്റ്റിക്കും മാലിന്യങ്ങളും കണ്ടെത്തിയതായും നാട്ടുകാര് ചൂണ്ടിക്കാട്ടുന്നു.
വീടുകളിലേക്ക് എത്താന് നടപ്പാത മാത്രമാണുള്ളത്. അതിനാല് വിലകൊടുത്ത് കുടിവെള്ളം വാങ്ങാമെന്നു കരുതിയാല് വാഹനങ്ങളില് വെള്ളം എത്തിക്കാന് സാധ്യമല്ല. പാടശേഖരത്താല് ചുറ്റപ്പെട്ടു കിടക്കുന്ന പ്രദേശമായതിനാല് കിണറുകളിലെ വെള്ളം കുടിക്കാന് യോഗ്യമല്ല. പൈപ്പിന്റെ അറ്റകുറ്റപ്പണികള് നടത്തി ശുദ്ധജലം എത്തിക്കാന് നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.